ബലാത്സംഗക്കേസ്: മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: നടൻ എം മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസിൽ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍. മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സെഷന്‍സ് കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാകും ഹര്‍ജി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കുമെന്നും അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുന്‍കൂര്‍ ജാമ്യ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന് കത്ത് നല്‍കിയതോടെയാണ് തീരുമാനം.

പതിനഞ്ച് വര്‍ഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെ കാണാനാകില്ലെന്നും വിശദമായ മുന്‍കൂര്‍ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവെന്നും വിലയിരുത്തലിലാണ് സർക്കാർ നീക്കം. 19 പേജില്‍ കേസിലെ വസ്തുതകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നില്ല. കേസിന്റെ വിശദമായ വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിരുന്നില്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സെഷന്‍സ് കോടതി മുകേഷിന് ജാമ്യം നല്‍കിയത്.

More Stories from this section

family-dental
witywide