തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഗ്രാമീണ്‍ ഭാരത് ബന്ദ് നാളെ. നാളെ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് ബന്ദ്.
എന്നാല്‍ ബന്ദ് കേരളത്തെ സാരമായി ബാധിക്കില്ല. കേരളത്തില്‍ പ്രകടനം മാത്രമേ ഉണ്ടാകുവെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.
നാളെ രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടാകും.
അതേസമയം, പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ്ണ നടത്തും. പഞ്ചാബിലെ ഭൂരിഭാഗം സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് അഭ്യര്‍ത്ഥിച്ചു.
ആംബുലന്‍സ്, പത്രവിതരണം, ആശുപത്രി, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയ അടിയന്തര സേവനങ്ങളെ ബന്ദ് ബാധിക്കില്ല. 2023 ഡിസംബറിലാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. മൂന്നാം വട്ട ചര്‍ച്ചയ്ക്കാണ് ഇന്ന് കളം ഒരുങ്ങുക. കര്‍ഷക പ്രതിഷേധ മാര്‍ച്ചിന്റെ മൂന്നാം ദിനമായ ഇന്ന് റെയില്‍വേ ട്രാക്കുകള്‍ ഉള്‍പ്പെടെ ഉപരോധിക്കാനാണ് കര്‍ഷകരുടെ നീക്കം.