ഗ്രാന്‍ഡ് സ്ലാം കിരീടം : ‘ബൊപ്പണ്ണയെ ഓര്‍ത്ത് കൂടുതല്‍ അഭിമാനം’, സന്തോഷം പങ്കുവെച്ച് സാനിയ

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയ രോഹന്‍ ബൊപ്പണ്ണയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ബൊപ്പണ്ണ ഇന്ന് ചരിത്രമെഴുതുകയായിരുന്നു. ടെന്നീസിലെ ലോകറെക്കോഡിനും പദ്മശ്രീ നേട്ടത്തിനും പിന്നാലെയാണ് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നേടാനായത്

മെല്‍ബണിലെ വിജയത്തോടെ പുരുഷ ഡബിള്‍സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി 43 കാരനായ അദ്ദേഹം മാറി.

ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി – ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ബൊപ്പണ്ണയുടെയും പങ്കാളി ഓസ്‌ട്രേലിയയുടെ മാത്യു എബ്ദെന്റെയും കിരീട നേട്ടം.

ഒരു സുഹൃത്തെന്ന നിലയില്‍ ബൊപ്പണ്ണയെ ഓര്‍ത്ത് തനിക്ക് കൂടുതല്‍ അഭിമാനമുണ്ടെന്ന് സാനിയ പറഞ്ഞു.

‘കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ ഞങ്ങള്‍ ഇത് പറഞ്ഞു, അവന്‍ ലോകത്തിലെ പുരുഷന്മാരുടെ ഒന്നാം നമ്പര്‍ ആവുകയും പുരുഷ ഡബിള്‍സ് കിരീടം നേടുകയും ചെയ്താല്‍ എന്തുചെയ്യും?. അവന്‍ അത് ചെയ്തു, ഞങ്ങള്‍ നിശബ്ദരായി’. ഇന്ത്യക്കാരി എന്നതിനേക്കാള്‍ സുഹൃത്ത് എന്ന നിലയില്‍ കൂടുതല്‍ അഭിമാനം ഉണ്ടെന്നും സാനിയ പറഞ്ഞു.

2010ലും 2023ലും യുഎസ് ഓപ്പണില്‍ ഫൈനലില്‍ തോറ്റ ബൊപ്പണ്ണ ഇതാദ്യമായാണ് ഒരു പ്രധാന കിരീടം നേടുന്നത്.

ലിയാന്‍ഡര്‍ പെയ്സിനും മഹേഷ് ഭൂപതിക്കും ശേഷം ഓപ്പണ്‍ എറയില്‍ ഒരു പ്രധാന പുരുഷ ഡബിള്‍സ് കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ബൊപ്പണ്ണ.

പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം വിജയമാണിത്. 2017 ഫ്രഞ്ച് ഓപ്പണില്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം മിക്സഡ് ഡബിള്‍സിലായിരുന്നു അദ്ദേഹത്തിന്റെ മുന്‍ ഗ്രാന്‍ഡ് സ്ലാം വിജയം.