കൊച്ചി: മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ അമ്മുമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൂവാറ്റുപുഴ രണ്ടാർ കരയിലാണ് നാടിനെ നടുക്കി സംഭവമുണ്ടായത്. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മുങ്ങി മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. കോലഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം.
രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. പേരകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തിൽപ്പെട്ടത്. ഇവിടെ സ്ഥിരമായി കുളിക്കാനെത്തിയിരുന്ന ഇവർക്ക് സ്ഥലപരിചയമുണ്ടായിരുന്നു. എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല.
സമീപത്തുണ്ടായിരുന്ന ചില സ്ത്രീകളാണ് അപകടം ആദ്യം കാണുന്നത്. ഇവർ നാട്ടുകാരെ അറിയിച്ചതോടെ അവർ ഓടിയെത്തി ആമിനയെയും ഒരു കുട്ടിയെയും പുഴയിൽ നിന്ന് പുറത്തെടുത്തത്. രണ്ട് കുട്ടികളുണ്ടായിരുന്നു എന്ന് ഇവർ അറിഞ്ഞിരുന്നില്ല. ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് മൂന്നുപേരാണ് കുളിക്കാൻ പോയതെന്ന് വ്യക്തമായത്. ഇതോടെ നാട്ടുകാർ തിരച്ചിൽ പുനഃരാരംഭിച്ചു. ഒപ്പം അഗ്നിശമന സേനയുമെത്തിയുള്ള തിരച്ചിലിലാണ് കുട്ടിയെ പുഴയിൽ നിന്ന് കണ്ടെത്തിയത്.