രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍ ; ലബനനില്‍ കരയുദ്ധം ആരംഭിച്ചു, സിറിയയിലും ആക്രമണം

ബെയ്‌റൂട്ട്: തെക്കന്‍ ലബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍. ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കേ, ഇന്നലെ രാത്രിയോടെ ഇസ്രയേല്‍ ടാങ്കറുകള്‍ ലബനന്‍ അതിര്‍ത്തി കടന്നു. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആര്‍ട്ടിലറി വിഭാഗവും ദൗത്യത്തില്‍ പങ്കാളികളാണ്.

‘നിയന്ത്രിതമായ രീതിയില്‍’, പ്രാദേശിക പരിശോധനകള്‍ തെക്കന്‍ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ചിലത് സ്ഥിതി ചെയ്യുന്നത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബനന്‍ ഗ്രാമങ്ങളിലാണെന്നും അവ ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി.

അതേസമയം, സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കരവഴിയുള്ള ഇസ്രയേല്‍ നീക്കം തടയാന്‍ തങ്ങള്‍ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡര്‍ നയിം ഖാസിം പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലബനന്‍ അധികൃതര്‍ പറഞ്ഞു.

യുദ്ധം കൊടുംപിരി കൊള്ളുന്നതിനിടെ യുഎസും യുകെയും വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ച് എത്തി.
ഇസ്രയേലിനു പിന്തുണയായി കൂടുതല്‍ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിച്ചു.