കൊച്ചി: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ കേരളത്തിൽ വമ്പൻ തട്ടിപ്പ്. ഇപ്രകാരം ആയിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നു എന്നാണ് ജി എസ് ടി വകുപ്പിന്‍റെ കണ്ടെത്തൽ. ഇതിന് പിന്നാലെ എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം തുടങ്ങി ഏഴ് ജില്ലകളില്‍ ജി എസ് ടി വകുപ്പ് വമ്പൻ പരിശോധന നടത്തുകയാണ്. വിവിധ ജില്ലകളിലെ നൂറിലേറെ ആക്രിക്കച്ചവട കേന്ദ്രങ്ങളിലാണ് ജി എസ് ടി വകുപ്പിന്‍റെ പരിശോധന.
ഓപ്പറേഷന്‍ പാംട്രീ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. വ്യാജ ബില്ലുകള്‍ ചമച്ചും ഷെല്‍കമ്പനികള്‍ രൂപീകരിച്ചും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പരിശോധന നടന്നത്. പ്രാഥമിക പരിശോധനയില്‍ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന തുടങ്ങിയത്. ഒരേസമയം സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയായിരുന്നു.