നീല ട്രോളിബാഗുമായി ബന്ധപ്പെട്ട വിവാദം സമൂഹ മാധ്യമങ്ങളില്‍ അലയടിക്കുമ്പോള്‍ ട്രോളി ബാഗ് പോസ്റ്റുമായി ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നില്ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേര് കമന്റുമായി എത്തിയിരുന്നു. അക്കൂട്ടത്തില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും എത്തിയതോടെ വൈറലായിരിക്കുകയാണ് പക്രുവിന്റെ പോസ്റ്റ്. കെപിഎം ഹോട്ടലില്‍ അല്ലല്ലോ എന്നാണ് രാഹുല്‍ നല്കിയ കമന്റ്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണെന്നുമൊക്കെ പലരും കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെക്കുറിച്ച് വലിയ പ്രതിഷേധം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയുമാണ്.
ഹോട്ടലിലെത്തിയ രാഹുലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം എത്തിച്ചതെന്നായിരുന്നു ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായെത്തി രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളാണ്, അതല്ല പണമാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ അവസാനിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഹോട്ടല്‍ അധികൃതര്‍ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നും പെട്ടി പൊലീസിന് കൈമാറാമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിയുമോ, എങ്കില്‍ ഇവിടെവച്ച് പ്രചരണം അവസാനിപ്പിക്കും എന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.