200 കോടിയുടെ സ്വത്തുക്കളെല്ലാം ദാനം ചെയ്തു; സന്യാസം സ്വീകരിച്ച് കോടീശ്വര ദമ്പതികൾ

സൂറത്ത്: സന്ന്യാസം സ്വീകരിക്കുന്നതിനായി 200 കോടിയുടെ സമ്പാദ്യം സംഭാവന ചെയ്ത് ​ഗുജറാത്തി ദമ്പതികൾ. ജൈനവിഭാഗത്തില്‍പ്പെട്ട ഭവേഷ് ഭണ്ഡാരി എന്ന വ്യവസായിയും ഭാര്യയുമാണ് ഫെബ്രുവരിയില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ സമ്പാദ്യവും ത്യജിച്ച് സന്ന്യാസം സ്വീകരിക്കാൻ തീരുമാനിച്ചത്. ഈ മാസം നടക്കുന്ന ചടങ്ങില്‍ ഇരുവരും സന്യാസം സ്വീകരിക്കും.

ഹിമ്മത്ത്‌നഗര്‍ സ്വദേശിയായ ഭവേഷിന്റെ 19 വയസ്സുകാരി മകളും 16 വയസ്സുകാരൻ മകനും 2022ല്‍ സന്യാസം സ്വീകരിച്ചതും വാർത്തയായിരുന്നു. പിന്നാലെയാണ് മാതാപിതാക്കളും ഇതേ പാത സ്വീകരിക്കാൻ തീരുമാനിച്ചത്. ഏപ്രില്‍ 22ന് നടക്കുന്ന ചടങ്ങില്‍ ദീക്ഷ സ്വീകരിച്ചാല്‍ കുടുംബബന്ധങ്ങളും ത്യജിക്കും. ഭൗതികവസ്തുക്കള്‍ ഒന്നും സ്വന്തമാക്കാനാകില്ല.

സന്യാസിയായ ശേഷം നഗ്നപാദരായി ഭിക്ഷാടനം നടത്തിയാണു ജീവിക്കുക. രണ്ടു വെളുത്ത വസ്ത്രങ്ങളും ഭിക്ഷാപാത്രവും മാത്രമാവും ഇവരുടെ സമ്പാദ്യം. നാലു കിലോമീറ്ററോളം യാത്ര നടത്തിയാണു ഭണ്ഡാരി ദമ്പതിമാര്‍ തങ്ങളുടെ ഭൗതികവസ്തുക്കള്‍ എല്ലാം ദാനം നല്‍കിയത്. മൊബൈല്‍ ഫോണും എസിയും മറ്റുപകരണങ്ങളും ദാനം ചെയ്തു. രഥത്തില്‍ രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് ഇവര്‍ സഞ്ചരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.

Gujarat couple donate worth 200 crore valuable things to become jain monks