മെക്സിക്കോയിലെ പ്രഥമ വനിതാ മേയറെ കൊലപ്പെടുത്തി തോക്കുധാരികള്‍

മെക്‌സിക്കോ : മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ളോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മെക്സിക്കോയിലെ ആദ്യ വനിതാ മേയർ യോലാൻഡ സാഞ്ചസ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കോട്ടിജ പട്ടണത്തിലെ തെരുവിൽ വച്ച് അവർക്കും അംഗരക്ഷകനും നേരെ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. ഇരുവരും കൊല്ലപ്പെട്ടു. ഒരു വെളുത്ത ചെറു ട്രക്കിലെത്തിയ അക്രമികൾ നഗരത്തിലെ ജിമ്മിനു പുറത്ത് വഴയോരത്ത് നിൽക്കുകയായിരുന്ന മേയറുടെ നേരെ തുരാതുരാ വെടിയുതിർത്തു വാഹനമോടിച്ച് കടന്നു പോയി. 19 തവണ അവർക്ക് വെടിയേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും തോക്കുധാരികൾ സംഘടിത ക്രൈം ഗ്രൂപ്പിൽ പെട്ടവരാണെന്നാണ് പരക്കെ കരുതപ്പെടുന്നത്.
രാഷ്ട്രീയക്കാർക്കെതിരായ വ്യാപകമായ അക്രമങ്ങൾ മെക്‌സിക്കോയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കയാണ്  . ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൽസരിച്ച 13 സ്ഥാനാർഥികൾ അവിടെ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം അടുത്ത ജില്ലയിലെ ഒരു പട്ടണമായ ജാലിസ്കോയിൽ നിന്ന് യോലാൻഡയെ തട്ടിക്കൊണ്ടു പോയിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് അവരെ വിട്ടയച്ചത്. 2021 സെപ്റ്റംബറിൽ അധികാരമേറ്റതിന് ശേഷം വധഭീഷണി നേരിടുന്നതായി എംഎസ് സാഞ്ചസ് റിപ്പോർട്ട് ചെയ്തിരുന്നു. ലഹരി മരുന്നു മാഫിയ തേരോട്ടം നടത്തുകയും പൊലീസിൽ ഇടപെടുകയും ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്ന വ്യക്തിയാണ് യോലാൻഡ.

വാര്‍ത്ത: (പി.പി ചെറിയാന്‍)