
ദില്ലി: ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജക്ക് അനുമതി നൽകിയ വാരാണസി കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തിയ മസ്ജിദ് കമ്മറ്റിക്ക് തിരിച്ചടി. പൂജക്കെതിരായ മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
ഹിന്ദുമതാരാധനയ്ക്ക് അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മറ്റി നൽകി അപ്പീൽ മേലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. ജനുവരി 31 നാണ് ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. 1993 ഡിസംബർ വരെ മുത്തച്ഛൻ സോമനാഥ് വ്യാസ് അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
ഫെബ്രുവരി 2 ന് കേസ് പരിഗണിച്ചപ്പോൾ തന്നെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. അന്ന് പൂജക്ക് സ്റ്റേ വേണമെന്ന ആവശ്യം നിരസിച്ച കോടതി, തത്കാലം പൂജ തുടരാൻ അനുവാദം നൽകുകയായിരുന്നു. ഇന്ന് മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളിക്കളഞ്ഞതോടെ പൂജക്ക് ഹൈക്കോടതിയുടെ പൂർണ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
വിഷയത്തിൽ നേരത്തെ തന്നെ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്താൻ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ നിയമ പോരാട്ടം തുടരുമെന്നും സുപ്രീം കോടതിയിൽ പോകുമെന്നും മുസ്ലീം പേഴ്സണൽ ലോ ബോർഡ് അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇന്നത്തെ ഉത്തരവ് കൂടിയായതോടെ ഇനി നിയമപോരാട്ടം പരമോന്നത കോടതിയിലാകും കാണുക.
Gyanvapi case latest news Allahabad HC rejects plea against puja in cellar