മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ കരാറിനെ അംഗീകരിച്ച്‌ ഹമാസ്, മുഖം തിരിച്ച് ഇസ്രായേല്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ ഹമാസ് യുദ്ധം റഫ ആക്രമണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, വെടിനിര്‍ത്തലിനും തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമുള്ള മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ കരാറിന് പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് തിങ്കളാഴ്ച സമ്മതിച്ചതായി അറിയിച്ചു. എന്നാല്‍ വ്യവസ്ഥകള്‍ ‘മയപ്പെടുത്തിയ’തിനാല്‍ ഈ കരാര്‍ ഇസ്രായേലിന് സ്വീകാര്യമല്ലെന്നാണ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

ഖത്തറിനും ഈജിപ്തിനുമൊപ്പം ചര്‍ച്ചയില്‍ മധ്യസ്ഥ പങ്ക് വഹിച്ച അമേരിക്ക, ഹമാസിന്റെ പ്രതികരണം പഠിക്കുകയാണെന്നും മിഡില്‍ ഈസ്റ്റ് സഖ്യകക്ഷികളുമായി ഇത് ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നാം ഘട്ടത്തില്‍ 42 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവാണ് ഉണ്ടായിരിക്കുക. ഇതില്‍ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് ഫലസ്തീനികളെ മോചിപ്പിക്കുകയും പകരം 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ഇസ്രായേല്‍ ഗാസയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുകയും തെക്ക് നിന്ന് വടക്ക് ഗാസയിലേക്ക് ഫലസ്തീനികളുടെ സ്വതന്ത്ര സഞ്ചാരം അനുവദിക്കുകയും ചെയ്യണം.

രണ്ടാം ഘട്ടത്തില്‍ മറ്റൊരു 42 ദിവസത്തെ കാലയളവില്‍ ഗാസയില്‍ ‘സുസ്ഥിരമായ ശാന്തത’ പുനഃസ്ഥാപിക്കുന്നതിനുള്ള കരാര്‍ അവതരിപ്പിക്കുന്നു. ഇതില്‍ ‘സ്ഥിരമായ വെടിനിര്‍ത്തല്‍’ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ ഹമാസും ഇസ്രായേലും സമ്മതിച്ചതായും വിവരമുണ്ട്. മാത്രമല്ല, ഗാസയില്‍ നിന്ന് ഭൂരിഭാഗം ഇസ്രായേല്‍ സൈനികരുടെയും പൂര്‍ണ്ണമായ പിന്‍വാങ്ങലും ഫലസ്തീനികളെ ഇസ്രായേല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചാല്‍ പകരമായി ഹമാസ് ഇസ്രായേല്‍ റിസര്‍വലിസ്റ്റുകളെയും ചില സൈനികരെയും മോചിപ്പിക്കുമെന്നും വ്യക്തമാക്കുന്നു.

ഇനിയുള്ളത് ഘട്ടം മൂന്നാണ്. ഇതില്‍ ഖത്തര്‍, ഈജിപ്ത്, ഐക്യരാഷ്ട്രസഭ എന്നിവയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതി പ്രകാരം ബോഡി കൈമാറ്റം പൂര്‍ത്തിയാക്കുകയും പുനര്‍നിര്‍മ്മാണം നടപ്പിലാക്കുകയും ചെയ്യുന്നു. ഗാസ മുനമ്പിലെ സമ്പൂര്‍ണ്ണ ഉപരോധം അവസാനിപ്പിക്കുന്നു എന്നതാണുള്‍പ്പെടുന്നത്.