ഹമാസ് തലവനും കൊല്ലപ്പെട്ടോ? ഗാസയിൽ കൊല്ലപ്പെട്ട 3 പേരിൽ ഒരാൾ യഹിയ സിൻവറെന്ന് സംശയം, ‘സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന’

ജെറുസലേം: ഹമാസ് തലവൻ യഹിയ സിൻവറും കൊല്ലപ്പെട്ടതായി സംശയം. ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹിയ സിൻവറാണോ എന്ന സംശയത്തിലാണ് ഇസ്രയേൽ. അന്താരാഷ്ട്ര മാധ്യമങ്ങളുൾപ്പെടെ യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. യഹിയ സിൻവർ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് ഇസ്രയേലിന്‍റെ പ്രതികരണം. ഡി എൻ എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഒക്ടോബർ 7 ലെ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു യഹിയ. കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവൻ ആയത്. മാസങ്ങൾ കഴിയുന്നതിനിടെയാണ് കൊല്ലപ്പെട്ടുവെന്ന സംശയവും പുറത്തുവരുന്നത്.

അതേസമയം ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേയറുടെ നേതൃത്വത്തില്‍ യോഗം നടക്കുമ്പോള്‍ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയറടക്കം 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയത്. നബാത്തിയ നഗരത്തിലെ ആക്രമണത്തിലാണ് മേയര്‍ മേയര്‍ അഹമ്മദ് കാഹില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ ലെബനനിലെ യുഎന്‍ പ്രത്യേക കോര്‍ഡിനേറ്റര്‍ ജെനൈന്‍ ഹെന്നിസ്-പ്ലാഷെര്‍ട്ട് ഇസ്രായേലിനെ വിമര്‍ശിച്ചു. മേയര്‍ അഹമ്മദ് കാഹിലിന്റെ കൊലപാതകം ഭയാനകമാണെന്ന് വിശേഷിപ്പിച്ച ജെനൈന്‍, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങള്‍ അംഗീകരിക്കാനാവില്ല എന്നും പറഞ്ഞു.

More Stories from this section

family-dental
witywide