
ഗാസ സിറ്റി: ശനിയാഴ്ച വടക്കന്‍ ഗാസയിലെ ജബാലിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ തങ്ങളുടെ പോരാളികള്‍ ഇസ്രായേല്‍ സൈനികരെ പിടികൂടിയതായി ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് ഞായറാഴ്ച പറഞ്ഞു, എന്നാല്‍ ഇസ്രായേല്‍ സൈന്യം ഈ അവകാശവാദം നിഷേധിച്ചു.
അതേസമയം, എത്ര സൈനികരെ തട്ടിക്കൊണ്ടുപോയെന്നോ മറ്റ് വിവരങ്ങളോ ഹമാസ് സായുധ വിഭാഗം വക്താവ് വെളിപ്പെടുത്തിയിട്ടില്ല.
ഹമാസ് പോരാളികള്‍ ഇസ്രയേല്‍ സേനയെ ഒരു തുരങ്കത്തിനുള്ളില്‍ പതിയിരുന്ന് കുടുക്കിയെന്നും സേനയിലെ കുറേ അംഗങ്ങളെ കൊല്ലുകയും മുറിവേല്‍ക്കുകയും പിടികൂടുകയും ചെയ്തതായും അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ഒരു റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു. അല്‍ ജസീറയാണ് ഇത് സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ അവകാശവാദം ഞായറാഴ്ച ഇസ്രായേല്‍ സൈന്യം നിഷേധിച്ചു.
അതേസമയം, രക്തം പുരണ്ട ഒരാളെ തുരങ്കത്തിലൂടെ നിലത്തുകൂടി വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങളും റൈഫിളിന്റെയും ഫോട്ടോകളും മറ്റും ഹമാസ് പുറത്തുവിട്ടെങ്കിലും വീഡിയോയില്‍ കാണിച്ചിരിക്കുന്ന വ്യക്തിയുടെ വിവരങ്ങളൊന്നും വ്യക്തമല്ല.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും ബന്ദിമോചനത്തിനും മധ്യസ്ഥര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.