ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇസ്മായിൽ ഹനിയയ്ക്ക് പകരം ഗാസയിൽ നിന്നുള്ള നേതാവ് യഹ്യ സിൻവാർ(61) തങ്ങളുടെ പുതിയ രാഷ്ട്രീയകാര്യ തലവനാകുമെന്ന് പലസ്തീൻ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുൻ ഹമാസ് തലവൻ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്നാണ് ഹമാസിന്റെ ആരോപണം. പ്രഖ്യാപനം വന്ന് മിനിറ്റുകൾക്ക് ശേഷം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിൻ്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു
ഇസ്രയേൽ–ഹമാസ് യുദ്ധത്തിനു കാരണമായ, 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് യഹ്യ സിൻവാർ. ഹമാസിന്റെ സൈനികവിഭാഗമായ ഇസ്സദ്ദീൻ അൽ ഖസം തലവനായിരുന്ന സിൻവാർ 23 വർഷം ഇസ്രയേലിൽ ജയിലിലായിരുന്നു. 2011ൽ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്–ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിനു പകരമായി സിൻവാറിനെ വിട്ടയയ്ക്കുകയായിരുന്നു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 1100 പേർ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തു. തുടർന്ന് ഇസ്രായേൽ ഗാസയിൽ നടത്തിയ വിവിധ ആക്രമണങ്ങളിലായി 40,000ത്തിലേറെ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു.