പ്രശസ്ത ഇസ്രായേല്‍-അമേരിക്കന്‍ ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ് ; മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ആളിക്കത്തുന്നു

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ബന്ദിയാക്കി കടത്തപ്പെട്ട പ്രശസ്ത ഇസ്രായേല്‍-അമേരിക്കന്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്ബെര്‍ഗ് പോളിന്റെ വീഡിയോ ഹമാസ് പുറത്തുവിട്ടതോടെ ജറുസലേമില്‍ ജനരോഷം ആളിക്കത്തുന്നു. ഗോള്‍ഡ്‌ബെര്‍ഗ് പോളിന്‍ പിടിക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ അവസ്ഥ വ്യക്തമാക്കുന്ന ആദ്യത്തെ വീഡിയോയാണിത്.

വീഡിയോയില്‍ ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരെ ഇസ്രായേല്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഗോള്‍ഡ്‌ബെര്‍ഗ്-പോളിന്‍ ആരോപിച്ചു. മാത്രമല്ല, ഇസ്രയേലിന്റെ ബോംബാക്രമണം കാരണം ഏകദേശം 70 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങള്‍ കുടുംബത്തോടൊപ്പം വിരുന്ന് ആഘോഷിക്കുമ്പോള്‍, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ലാതെ ഭൂഗര്‍ഭ നരകത്തില്‍ ബന്ദികളാക്കിയ ഞങ്ങളെക്കുറിച്ച് ചിന്തിക്കണം. 200 ദിവസമായി ഞങ്ങളെ ഉപേക്ഷിച്ചതിന് നിങ്ങള്‍ സ്വയം ലജ്ജിക്കണം. ഇസ്രായേലിന് ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നേതൃത്വം രാജിവെച്ച് വീടുകളില്‍ ഇരിക്കണമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

വീഡിയോ പുറത്തുവന്നതോടെ ജെറുസലേമില്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് ആളിക്കത്തുകയും ഹമാസ് തട്ടിക്കൊണ്ടുപോയ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ വീഡിയോ ചിത്രീകരിച്ചതെപ്പോഴെന്നോ മറ്റുള്ള വിവരമങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ആഘോഷങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നതിനാല്‍ ഇത് എന്നാല്‍ പെസഹാ അവധിക്ക് ശേഷമുള്ളതാണെന്നും അടുത്തിടെ റെക്കോര്‍ഡുചെയ്തതാണെന്നുമുള്ള സൂചന നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗാസയ്ക്ക് സമീപം ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയാണ് 23-കാരന്‍ ഗോള്‍ഡ്‌ബെര്‍ഗ്-പോളിന്‍ പിടിയിലായത്. പോളിന് തന്റെ ഇടതുകൈയുടെ ഒരു ഭാഗം നഷ്ടപ്പെട്ടതായി വീഡിയോയില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

പോളിന്റെ വീഡിയോ പുറത്തുവന്നതോടെ ബന്ദി മോചനത്തിനായി ഇസ്രായേലിലുടനീളം വ്യാപകമായി പോസ്റ്ററുകള്‍ ഇപ്പോള്‍ പതിയുന്നുണ്ട്. ഇദ്ദേഹത്തിന്റെ അമ്മ റേച്ചല്‍ ഗോള്‍ഡ്‌ബെര്‍ഗ്, തന്റെ മകന്റെ മോചനത്തിനായി അന്താരാഷ്ട്ര നേതാക്കളുളോടും ഐക്യരാഷ്ട്രസഭയോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാത്രമല്ല, ഈജിപ്ത്, ഇസ്രായേല്‍, ഖത്തര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഹമാസ് എന്നിവയുള്‍പ്പെടെയുള്ള ചര്‍ച്ചാ കക്ഷികളില്‍ നിന്ന് നിര്‍ണായക നടപടിക്ക് വേണ്ടിയും അപേക്ഷിച്ചിട്ടുണ്ട്.

ബന്ദികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചു.

More Stories from this section

family-dental
witywide