ഗാസയിലെ വെടിനിർത്തൽ: യുഎന്നിൽ യുഎസ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച് ഹമാസ്; സ്വാഗതം ചെയ്ത് ജോൺ കിർബി

ജനീവ: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ യുഎസ് അവതരിപ്പിച്ച് പ്രമേയം ഹമാസ് അംഗീകരിച്ചു. മൂന്നു ഘട്ടമായുള്ള വെടിനിർത്തലിനെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണം ഹമാസ് മധ്യസ്ഥർക്ക് കൈമാറി. സമാധാന ശ്രമങ്ങൾക്ക് സഹായകരമാണെന്നും അവരു​ടെ നിർദേശങ്ങൾ യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.

പ്രമേയത്തിലെ നിബന്ധനകൾ നിലവിൽ വന്നാൽ, ഇതിനോടകം 37,164 പലസ്തീൻകാരുടെ ജീവനെടുത്ത ഘോരയുദ്ധത്തിൽ വെടിനിർത്തലിനു വഴിതെളിഞ്ഞേക്കും. പ്രമേയത്തെ ഹമാസ് പിന്തുണച്ചതു പ്രതീക്ഷ നൽകുന്നതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ പ്രമേയത്തെ അംഗീകരിക്കുന്നെന്നും വ്യവസ്ഥകളിൽ ചർച്ചയ്ക്കു തയാറാണെന്നും ഹമാസ് ഉദ്യോഗസ്ഥനായ സാമി അബു സുഹ്റിയാണ് പറഞ്ഞത്.

യുഎന്‍ പ്രമേയത്തെ അറബ് ലീഗും സ്വാഗതം ചെയ്തു. പ്രമേയത്തിലെ നിബന്ധനകള്‍ പ്രകാരം, ആറാഴ്ചത്തെ ആദ്യഘട്ട വെടിനിര്‍ത്തല്‍ ഗാസയിലെ ഏതാനും ഇസ്രയേലി ബന്ദികളെയും ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെയും വിട്ടയക്കും. രണ്ടാംഘട്ടത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലും ബാക്കി തടവുകാരെ മോചിപ്പിക്കുന്നതും ഉള്‍പ്പെടും. ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും നടക്കും. മൂന്നാം ഘട്ടത്തില്‍ തകര്‍ന്ന ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് നടപടികള്‍ ആരംഭിക്കും. ഇസ്രായേല്‍ ഈ നിര്‍ദേശം അംഗീകരിച്ചതായി യുഎസ് അറിയിച്ചിരുന്നു.