ന്യൂസിലൻഡ് പാര്‍ലമെന്റിലെ ഏറ്റവും പ്രായകുറഞ്ഞ എംപിയായ ഹാന റൗഹിതി കരേരികി മൈപി ക്ലാര്‍ക്ക് വീണ്ടും താരമാവുകയാണ്. പാര്‍ലമെന്റിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഹാക്ക ഡാന്‍സ് കളിച്ച് ബില്‍ കീറിയെറിയുന്ന ഹാനയുടെ വിഡിയോ വൈറലാണ്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിലെ തന്റെ കന്നി പ്രസംഗത്തിലെ ഹാനയുടെ ഹക്ക പ്രകടനവും വൈറലായിരുന്നു.
ന്യൂസിലന്റിലെ വൈതാംഗി ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഭരണകക്ഷി പാര്‍ട്ടിയായ SCT കൊണ്ടുവന്ന നിര്‍ദേശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വൈതാംഗി ഉടമ്പടി തിരുത്തുന്നതില്‍ ശക്തമായ എതിര്‍പ്പാണ് ഹാന റൗഹിതി ഉള്‍പ്പെടുന്ന മവോരി വിഭാഗം ഉയര്‍ത്തിയിട്ടുള്ളത്. ഈ ബില്ല് പാസാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോഴാണ് മവോരി വിഭാഗത്തില്‍ നിന്നുള്ള എംപി ഹാന റൗഹിതി നടുത്തളത്തിലിറങ്ങി ഡാന്‍സ് ചെയ്തതും ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞതും.
തങ്ങളുടെ പരിസ്ഥിതിക്കും ജലത്തിനും ഭൂമിക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരെ സര്‍ക്കാരിന്റെ കൈയേറ്റമുണ്ടായെന്ന് അവര്‍ കുറ്റപ്പെടുത്തി. ഭരണ നിര്‍വഹണം സംബന്ധിച്ച് 1840-ല്‍ ബ്രിട്ടീഷ് അധികാരികളും 500-ല്‍ അധികം മാവോറി നേതാക്കളും ചേര്‍ന്നാണ് വൈതാംഗി ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുള്ളത്.
രാജ്യത്തെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാന രേഖയായാണ് ഇത് കണക്കാക്കുന്നത്. വൈതാംഗി ഉടമ്പടി തിരുത്തുന്നതിന്റെ കരട് ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
Hana Rawhiti ripped up the indigenous treaty bill in the New Zealand Parliament.