ദോഹ: തെഹ്റാനില്‍ വെച്ച് കൊല്ലപ്പെട്ട ഹമാസ് സായുധ സംഘത്തിന്റെ രാഷ്ട്രീയ തലവനായ ഇസ്മായില്‍ ഹനിയ്യേയുടെ ശവസംസ്‌കാരം ഖത്തറില്‍ നടത്തും. ഹനിയേ ഹമാസ് രാഷ്ട്രീയ ഓഫീസിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ദോഹയിലായിരുന്നു താമസിച്ചിരുന്നത്.
ഖത്തറിലെ ലുസൈലിലെ ശ്മശാനത്തില്‍ ഖത്തര്‍ തലസ്ഥാനമായ എമിറേറ്റിലെ ഏറ്റവും വലിയ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയിലെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഹനിയ്യേയുടെ സംസ്‌കാരം നടക്കും. അറബ്, ഇസ്ലാമിക നേതാക്കളും മറ്റ് പലസ്തീന്‍ വിഭാഗങ്ങളുടെ പ്രതിനിധികളും പൊതുജനങ്ങളും പരിപാടികളില്‍ പങ്കെടുക്കുമെന്ന് ഹമാസ് അറിയിച്ചു.
ഹനിയ്യേയുടെ കൊലപാതകത്തില്‍ പ്രതികാരത്തിനുള്ള ആഹ്വാനവുമായി സിറിയ, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, ഇറാനും ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനാണ് ഹനിയ്യേ ഇറാനിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ടെഹ്റാനിലെ താമസസ്ഥലത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹനിയ്യേയും ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഹമാസും ഇറാനും ഉള്‍പ്പെടെ ഇസ്രയേലിനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.
തുര്‍ക്കി, ലെബനന്‍, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഹനിയേയ്ക്കായുള്ള അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നു.