‘ഹനുമാൻ ഏറ്റവും വലിയ നയതന്ത്രജ്ഞൻ’; തന്റെ ജോലിക്ക് സമാനമെന്ന് വിദേശകാര്യമന്ത്രി

ന്യൂ ഡൽഹി: ഹനുമാൻ രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞനായിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്ക‍ർ. മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് സംസാരിക്കാതെ നമ്മുടെ ചരിത്ര പുസ്തകങ്ങളെയും ഇതിഹാസങ്ങളെയും ഉദാഹരിച്ച് സംസാരിക്കാൻ ശീലിക്കണമെന്നും ജയശങ്കർ പറഞ്ഞു. രാമായണത്തെയും മഹാഭാരതത്തെയും കുറിച്ചുള്ള ഒരു അധ്യായം തൻ്റെ പുതിയ പുസ്തകമായ വൈ ഭാരത് മെറ്റേഴ്‌സില്‍ ഉള്‍ക്കൊള്ളിച്ചുണ്ടെന്നും മന്ത്രി പറയുന്നു. എൻഡിടിവിയുമായി ന‌ടത്തിയ അഭിമുഖത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന.

‘എന്റെ ജോലി പോലും ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കിയാണ്. ഹനുമാൻ വലിയ ഒരു നയതന്ത്രജ്ഞനായിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ ദൂതനായി ലങ്കയിലേക്ക് അയച്ചത്. ഹനുമാന് മറ്റ് ചില ബുദ്ധിപരമായ ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. സീതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണം. എന്നാൽ ഹനുമാൻ ഒരു മികച്ച നയനതന്ത്രജ്ഞനായിരുന്നു, കാരണം ലങ്ക വിടുമ്പോൾ ആ രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയാണ് മടങ്ങിയത്,’ മന്ത്രി പറഞ്ഞു.

രാക്ഷസരാജാവായ രാവണൻ്റെ സദസ്സിലിരിക്കുമ്പോൾ ഹനുമാൻ പ്രയോഗിച്ച നയതന്ത്രങ്ങളെക്കുറിച്ചും മൈൻഡ് ഗെയിമുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സഖ്യമെന്ന ആശയം പോലും അക്കാലത്തും ഉണ്ടായിരുന്നുവെന്നും വാനരസേന അത്തരമൊരു സന്ദേശമല്ലേ നല്‍കിയതെന്നും ജയശങ്കര്‍ ചോദിച്ചു.