ബെംഗളൂരു: മറ്റൊരു പുരുഷനുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം മുൻ കാമുകൻ ഭീഷണിപ്പെടുത്താൻ തുടങ്ങിയതിനെ തുടർന്ന് 19 കാരിയായ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരു അർബൻ ജില്ലയിലെ ഗോട്ടിഗെരെ സ്വദേശിനി ചന്ദ്രകലയാണ് മരിച്ചത്. ചന്ദ്രകലയുടെ മാതാപിതാക്കൾ ജിഗാനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തങ്ങളുടെ മകളുമായി പ്രണയത്തിലായിരുന്ന അരുൺ, സഹോദരിയുടെ വിവാഹത്തിന് ശേഷം ചന്ദ്രകലയെ വിവാഹം കഴിക്കാമെന്ന് വാക്ക് നൽകിയിരുന്നതായി മാതാപിതാക്കൾ പറയുന്നു. സഹോദരിയുടെ വിവാഹത്തിന് ശേഷം അരുൺ ചന്ദ്രകലയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. തുടർന്ന് ചന്ദ്രകലയുടെ അമ്മ മീന, അരുണിൻ്റെ മാതാപിതാക്കളോട് കാര്യം പറഞ്ഞു. അരുണിനെക്കൊണ്ട് ചന്ദ്രകലയെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അരുണിൻ്റെ അമ്മയും സഹോദരിയും മീനയോട് പറഞ്ഞിരുന്നു.
അടുത്തിടെ മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ചന്ദ്രകല ബന്ധുവീട്ടിൽ വച്ചാണ് തൂങ്ങിമരിച്ചത്. അരുൺ ചന്ദ്രകലയെയും ഭാവി വരനെയും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
“എൻ്റെ മകൾ അരുണുമായി കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഞാൻ അരുണിൻ്റെ വീട്ടിൽ പോയി അവൻ്റെ പെങ്ങളോടും അമ്മയോടും സംസാരിച്ചു. ഈ വിവാഹത്തിന് താൽപ്പര്യമില്ലെന്ന് അവർ പറഞ്ഞു. ഇതിന് ശേഷം അരുൺ മകളിൽ നിന്ന് അകന്ന് നിൽക്കുമെന്ന് എനിക്ക് ഉറപ്പ് നൽകിയെങ്കിലും ബന്ധം തുടർന്നു. മരിക്കുമ്പോൾ മറ്റൊരാളുമായി എന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു,” ചന്ദ്രകലയുടെ അമ്മ മീന പറഞ്ഞു.