ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള സിനിമാമേഖലയിലെ ചൂഷണങ്ങളും അധികാരദുര്‍വിനിയോഗങ്ങളും സംബന്ധിച്ചുള്ള വിവാദങ്ങളും ആരോപണങ്ങളും വീണ്ടും ചൂടുപിടിക്കുകയാണ്. അതിനിടെ നടനും കൊല്ലം എംഎൽഎയുമായ മുകേഷിന് എതിരായ കാസ്റ്റിങ് ഡയറക്ടറായിരുന്ന ടെസ് ജോസഫിന്റെ ആരോപണം വീണ്ടും ചര്‍ച്ചയാകുന്നു.
കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്ന് ടെസ് പറഞ്ഞു. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു. പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു.
സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിലൂടെയായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ടെസ് താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്. പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മീ ടൂ ഇന്ത്യ, ടൈംസ് അപ്, മീ ടൂ എന്നീ ഹാഷ് ടാഗുകളോടുകൂടിയായിരുന്നു ടെസിന്റെ പോസ്റ്റ്.
എന്നാൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് എം. മുകേഷ് എം.എൽ.എ. താൻ സി.പി.എം എം.എൽ.എ ആയതിനാൽ തന്നെ ലക്ഷ്യംവയ്ക്കുകയാണെന്നത് വ്യക്തമാണ്. ആരാണ് ഇത്തരം ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അറിയില്ലെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.