സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവനടി. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണ ഒമര്‍ ലുലു തന്നെ ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവനടി ആരോപിക്കുന്നു. പൊലീസ് ഇവരുടെ മൊഴിയെടുത്തു.
അതേസമയം നടിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഒമര്‍ ലുലു പ്രതികരിച്ചു. ഇവരുമായി നേരത്തെ സൗഹൃദം ഉണ്ടായിരുന്നെന്നും ആ സൗഹൃദം ഉപേക്ഷിച്ചതിന്റെ പേരിലുള്ള വിരോധമാണ് പരാതിക്കു കാരണമെന്നും പറഞ്ഞ ഒമര്‍ ലുലു, പണം തട്ടിയെടുക്കാനുള്ള വൈരാഗ്യം കൂടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു.
”ഈ പെൺകുട്ടിയുമായി ഒരുപാടുനാളായുള്ള സൗഹൃദമുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. എന്നാൽ ഇടയ്ക്ക് സൗഹൃദത്തിൽ വിള്ളൽ സംഭവിച്ചു. ആറു മാസമായി ഞങ്ങൾ തമ്മിൽ ബന്ധമില്ല. തൊട്ടു മുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു. ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊരു പരാതിയുമായി പെൺകുട്ടി രംഗത്ത് വന്നത്. സിനിമയിൽ അവസരം നല്കാത്തതിലുള്ള ദേഷ്യവുമാകാം ഇങ്ങനെയൊരു പരാതിക്കു കാരണം. ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മയ്‌ലിങിന്റെ ഭാഗം കൂടിയാണെന്ന് ആരുകണ്ടു” ഒമർ ലുലു പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.