വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അവസാന ദിവസം വമ്പൻ പ്രഖ്യാപനവുമായി കമല ഹാരിസ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റാൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് കമല പ്രഖ്യാപിച്ചത്. മിഷിഗണിൽ നടന്ന അവസാന റാലികളിലൊന്നിലാണ് കമല ഹാരിസിന്റെ പരാമർശം.
സംസ്ഥാനത്തെ വലിയൊരു വിഭാഗം അറബ്-അമേരിക്കൻ മുസ്‍ലിം സമൂഹത്തോടായിരുന്നു അവരുടെ പ്രതികരണം. ഇവിടെ മിഷഗണിൽ ആഴമേറിയതും അഭിമാനകരവുമായ വേരുകളുള്ള അറബ് അമേരിക്കൻ കമ്യൂണിറ്റിയുടെ നേതാക്കൾ തങ്ങൾക്കൊപ്പം ചേരുകയാണെന്ന് കമല ഹാരിസ് പറഞ്ഞു. ഗാസയിലെ മരണത്തിന്റെയും നാശത്തിന്റെയും വ്യാപ്തിയും ലെബനാനിലെ സിവിലിയൻ മരണങ്ങളും പലായനവും കണക്കിലെടുക്കുമ്പോൾ ഈ വർഷം ബുദ്ധിമുട്ടായിരുന്നുവെന്ന് പറയാൻ താൻ ആഗ്രഹിക്കുകയാണെന്ന് കമല ഹാരിസ് പറഞ്ഞു.
വിനാശകരമായ ആക്രമണമാണ് ഗസ്സയിൽ നടക്കുന്നത്. പ്രസിഡന്റെന്ന നിലയിൽ ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കും. ഇസ്രായേലിന്റെ സുരക്ഷയും ഫലസ്തീൻ ജനതയുടെ ആത്മാഭിമാനും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുമെന്ന് കമല ഹാരിസ് പറഞ്ഞു.അമേരിക്ക പുതിയൊരു തുടക്കമാണ് ലക്ഷ്യമിടുന്നത്. മുന്നോട്ടുള്ള പുതിയ വഴിക്കാണ് തുടക്കം കുറിക്കുന്നത്. അവിടെ നമ്മൾ സഹ അമേരിക്കക്കാരനെ ശത്രുവായിട്ടല്ല കാണുന്നത്. ആരെ വീഴ്ത്തുന്നുവെന്നതിനെ അടിസ്ഥാനമാക്കില്ല, ആരെ ഉയർത്തുന്നുവെന്നതാണ് ഒരു യഥാർഥ നേതാവിന്റെ ഗുണമെന്നും കമല ഹാരിസ് പറഞ്ഞു.