ഹാരി രാജകുമാരനും മേഗൻ മാർക്കലും വിവാഹമോചനത്തിന്റെ വക്കിൽ? ഉടൻ ഈ ബോംബ് പൊട്ടുമെന്ന് ഇൻടച്ച് മാഗസിൻ

ബ്രിട്ടിഷ് രാജകുടുംബത്തിലെ ചാൾസ് രാജാവിൻ്റെ ഇളയ മകൻ ഹാരിയും ഭാര്യ കാലിഫോർണിയ സ്വദേശിനിയും നടിയുമായ മേഗൻ മാർക്കലും വിവാഹ ബന്ധം ഉടൻ വേർപ്പെടുത്തും എന്നു റിപ്പോർട്ട്. അമേരിക്കയിൽ നിന്ന് ഇറങ്ങുന്ന ഇൻ ടച്ച് എന്ന മാസികയുടെ കവർ സ്റ്റോറിയാണ് ഈ വാർത്ത. ഹാരിയും മേഗനും ഉടൻ ഇതു സംബന്ധിച്ച തീരുമാനം പുറത്തുവിടുമെന്നാണ് മാഗസിൻ അവകാശപ്പെടുന്നത്. ആറു വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. അന്ന് ബ്രിട്ടീഷ് രാജ കുടുംബത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ എന്ന പദവിയിൽ നിന്ന് മാറിനിൽക്കാൻ ഇവർ തീരുമാനിച്ചിരുന്നു. രാജകീയ പാരമ്പര്യത്തിന് ചേർന്ന വിധം ജീവിതം നയിക്കാതെ സാധാരണക്കാരായി ജീവിക്കണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നും ഇരുവരും തീരുമാനിച്ചിരുന്നു. മിക്കവാറും അമേരിക്കയിലായിരുന്നു ഇവരുടെ ജീവിതം. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്.

എന്നാൽ ഈയിടെ വിവാഹ മോതിരം ഇല്ലാതെ പ്രത്യക്ഷപ്പെട്ട ഹാരിയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹാരി രാജകുമാരന് മേഗനുമൊത്തുള്ള ജീവിതം മടുത്തു എന്നും തൻ്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അടുത്തേക്ക് തിരികെ പോകണമെന്ന് ഹാരി തീവ്രമായി ആഗ്രഹിക്കുന്നു എന്നുമാണ് പാപ്പരാസികളുടെ കണ്ടുപിടിത്തം. കൂടാതെ ഇവരുടെ ഹോളിവുഡ് കരിയറിന് വലിയ ബുദ്ധിമുട്ടുകൾ സംഭവിച്ചെന്നും സാമ്പത്തികമായി വലിയ തിരിച്ചടികൾ നേരിടുകയാണെന്നും റിപ്പോർട്ട് പറയുന്നു. ബ്രിട്ടിഷ് രാജ കുടുംബത്തിൽ നിന്ന് ഹാരിക്കു ഒരു സാമ്പത്തിക പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ല. ഇരുവരും കരാർ ഒപ്പുവച്ചിരുന്ന പല ഹോളിവുഡ് പ്രോജക്ടുകളും ഉപേക്ഷിക്കപ്പെട്ടു. പല തരത്തിലുള്ള തിരിച്ചടികളിലൂടെയാണ് ഇവരുടെ ബന്ധം കടന്നു പോകുന്നത്. തൻ്റെ പഴയ സുഹൃത്തുകളെ കാണാൻ സാധിക്കാത്തത് ഹാരിയെ വല്ലാതെ അലട്ടുന്നുണ്ടെന്നും യുഎസിലെ ജീവിതം ബോറടിച്ചെന്നും പറയപ്പെടുന്നു. തൻ്റെ പിതാവിലേയും മൂത്ത സഹോദരൻ വില്യമിനേയും വിളിച്ച് തന്നോട് ക്ഷമിക്കണമെന്നും ഒരു അവസരം കൂടി തനിക്ക് നൽകണമെന്നും ഹാരി രാജകുമാരൻ അഭ്യർഥിച്ചതായാണ് മാധ്യമ റിപ്പോർട്ട്.

വരും വർഷങ്ങളിൽ, ഹാരി ബ്രിട്ടനിലേക്ക് തനിച്ചു മടങ്ങുമെന്നും ബ്രിട്ടനിൽ സ്ഥിരം താമസമാക്കുമെന്നും ബ്രിട്ടിഷ് രാജകുടുംബ ജീവചരിത്രകാരിൽ ഒരാൾ പ്രവച്ചിരുന്ന വാർത്തയാണ് ഇപ്പോൾ ബ്രിട്ടനിൽ ഇടംപിടിച്ചിരിക്കുന്നത്. നാലര വർഷമായി മേഗൻ്റെ രാജ്യമായ അമേരിക്കയിലാണ് ഇരുവരും താമസിക്കുന്നത്. അമിതമായ മാധ്യമ ശ്രദ്ധ ഇരുവരുടേയും ജീവിതത്തെ കൂടുതൽ സമ്മർദത്തിലാക്കിയിരുന്നു. കൂടാതെ കരിയറിൽ നേരിടുന്ന പ്രതിസന്ധിയും ബന്ധുക്കളുടെ അതൃപ്തിയും ഇവരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. ബ്രിട്ടൻ്റെ രാജകീയ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു ഹാരി അമേരിക്കയിലേക്ക് വന്നത്. ഇത് ചെറുപ്പക്കാർക്കിടിയിൽ ഇയാൾക്കു വലിയ പ്രീതിക്കു കാരണമായിരുന്നു. എന്നാൽ ട്രംപിനെ പോലുള്ള നേതാക്കൾ ഹാരിയുടെ നടപടിയെ നിശിതമായി വിമർശിച്ചിരുന്നു.