ന്യൂയോർക്ക്: കേറ്റ് മിഡൽട്ടന്റെ ക്യാൻസർ വാർത്തയോട് പ്രതികരിച്ച് പ്രിൻസ് ഹാരിയും മേഗൻ മാർക്കിളും. കേറ്റിനും കുടുംബത്തിനും രോഗശാന്തിയും ആരോഗ്യവുമുണ്ടാകട്ടെയെന്നും അത് അവർക്ക് സ്വകാര്യമായും സമാധാനത്തോടെയും നേടാൻ കഴിയട്ടെയെന്നുമാണ് ഹാരിയും മേഗനും അറിയിച്ചത്.
തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്നും ഇപ്പോൾ കീമോതെറപ്പി ചികിൽസ നടക്കുകയാണെന്നും ഇന്നലെ പുറത്തിറങ്ങിയ വിഡിയോ സന്ദേശത്തിലാണ് കേറ്റ് അറിയിച്ചത്. ജനുവരിയിൽ തനിക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു എന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നെങ്കിലും എന്താണ് രോഗം എന്നു പറഞ്ഞിരുന്നില്ല. അതിനിടെ കേറ്റിന്റെ ആരോഗ്യം സംബന്ധിച്ച് ഓരുപാട് ഊഹോപോഹങ്ങൾ പ്രചരിച്ചിരുന്നു.
“ജനുവരിയിൽ, എനിക്ക് ലണ്ടനിൽ വച്ച് ഒരു ശസ്ത്രക്രിയ നടത്തി, കുഴപ്പമില്ല എന്നാണ് ആദ്യം കരുതിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു, പക്ഷേ തുടർ പരിശോധനയിൽ ക്യാൻസറിൻ്റെ സാന്നിധ്യം കണ്ടെത്തി. തൽഫലമായി, എൻ്റെ മെഡിക്കൽ സംഘം കീമോതെറപ്പി ചികിത്സ ശുപാർശ ചെയ്തു. ഇപ്പോൾ അത് തുടങ്ങിയിരിക്കുന്നു.” അവർ അറിയിച്ചു