
ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഹാരി പോട്ടർ. ബ്രിട്ടിഷ് എഴുത്തുകാരിയായ ജെ.കെ.റൗളിങ്ങിന്റെ ഹാരിപോർട്ടർ നോവലിനെ ആസ്പദമാക്കി എട്ട് സിനിമകളായാണ് ഹാരി പോട്ടർ വെളിച്ചം കണ്ടത്. ചിത്രത്തിലെ പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഫ്ഷാൻ ആസാദും റോൺ ആയി എത്തിയ റുപെർട്ട് ഗ്രിന്റുവും 20 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയിരിക്കുകയാണ് ഇപ്പോൾ.
ലണ്ടൻ ഒളിംപിയ എക്സിബിഷൻ സെന്ററിൽവച്ചാണ് അഫ്ഷാനും റുപെർട്ടും വീണ്ടും കണ്ടുമുട്ടിയത്. ഇരുവരും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ അഫ്ഷാൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ഹാരി പോട്ടർ സിനിമ ഷൂട്ടിങ് സമയത്തെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
‘20 വർഷങ്ങൾക്കുശേഷം പത്മയും റോണും കണ്ടുമുട്ടി’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഫ്ഷാൻ കുറിച്ചത്. ഹാരി പോട്ടറിന്റെ ആദ്യ ഭാഗത്തിലും 2011 ലും 2005 ലും 2009 ലും പുറത്തിറങ്ങിയ സീരീസുകളിലും അഫ്ഷാൻ അഭിനയിച്ചിരുന്നു. ഹാരി പോർർ സീരീസുകളിലുടനീളം റോൺ വെസ്‌ലിയെന്ന കഥാപാത്രത്തെയാണ് റുപർട്ട് അവതരിപ്പിച്ചത്.