വന്യജീവി ആക്രമണം: വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നു, പോളിൻ്റെ മൃതദേഹവുമായി പ്രതിഷേധം, പുൽപ്പള്ളിയിൽ നൂറുകണക്കിന് പേർ തടിച്ചുകൂടുന്നു

തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ പുരോഗമിക്കുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പോളിന്‌റെ മൃതദേഹവുമായും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ടൗണിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച പോളിന്റെ മൃതദേഹത്തിന് ഒപ്പം നൂറു കണക്കിനാളുകും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. 50 ലക്ഷം നഷ്ടപരിഹാരം നല്‍കിയാലേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് പോളിന്‌റെ ബന്ധുക്കള്‍. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യവും ബന്ധുക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പോളിൻ്റെ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.വാഹനങ്ങളൊന്നും ഓടുന്നില്ല. ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു. പ്രതിഷേധം കണക്കിലെടുത്ത് സിവിൽ സ്റ്റേഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ മന്ത്രിമാരുടെ സംഘം അടുത്തദിവസംതന്നെ വയനാട് സന്ദര്‍ശിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ഉന്നതതല യോഗം ചേരും. വനം-റവന്യു-തദ്ദേശ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റുമാരെയും യോഗത്തില്‍ പങ്കെടുപ്പിക്കും. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഹര്‍ത്താല്‍ ആയതിനാല്‍ ഇപ്പോള്‍ അങ്ങോട്ട് പോകുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ യോഗം ചേരും. മന്ത്രിതല സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് തെരഞ്ഞെടുത്തത്. വയനാട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയ്ക്ക് പരിമിതകളുണ്ട്. തന്റെ രാജി ആവശ്യം ഉന്നയിക്കുന്നത് ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന് ആത്മാര്‍ത്ഥതയില്ലാത്തതിനാലാണെന്നും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആവശ്യം മാത്രമാണന്നും ശശീന്ദ്രന്‍ പറഞ്ഞു.

hartal progresses in Wayanad

More Stories from this section

family-dental
witywide