പൊലീസിലും വനംവകുപ്പിലും അഗ്‌നിവീറുകൾക്ക് സംവരണം അനുവദിച്ച് ഹരിയാന സർക്കാർ; കൂടെ പലിശരഹിത വായ്പയും

അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, അഗ്നിവീറുകൾക്ക് പൊലീസ്, മൈനിംഗ് ഗാർഡ് ജോലികളിൽ 10 ശതമാനം സംവരണം നീക്കിവച്ചതായി പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഹരിയാനയിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് പ്രഖ്യാപനം.

2022-ൽ ആരംഭിച്ച അഗ്നിപഥ് സ്കീം സായുധ സേനയിലേക്ക് ഹ്രസ്വകാലാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ്. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക് 4 വർഷത്തേക്ക് സേവനമനുഷ്ഠിക്കാം. ഈ റിക്രൂട്ട്‌മെൻ്റിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താൻ വ്യവസ്ഥയുണ്ട്. ബാക്കിയുള്ളവർക്ക് അവരുടെ സേവനം അവസാനിക്കുമ്പോൾ സാമ്പത്തിക പാക്കേജ് നൽകും. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നവരെയാണ് അഗ്നിവീർ എന്ന് വിളിക്കുന്നത്.

“ഹരിയാനയില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അഗ്നിവീറുകള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ 10 ശതമാനം സംവരണം നല്‍കും. പോലീസ് കോണ്‍സ്റ്റബിള്‍, ഖനികളിലെ ഗാര്‍ഡ്, വനംവകുപ്പ് ഗാര്‍ഡ്, ജയില്‍വാര്‍ഡന്‍, എസ്.പി.ഒ. എന്നീ തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിലൂടെയാണ് അഗ്നിവീറുകളെ നിയമിക്കുക,” മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു.

ഗ്രൂപ്പ് സി, ഡി തസ്തികകളിൽ മൂന്ന് വർഷത്തെ പ്രായപരിധിയിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗ്‌നിവീർ സൈനികരുടെ ആദ്യ ബാച്ചിൽ പ്രായപരിധിയിലെ ഇളവ് അഞ്ച് വർഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഹരിയാന സര്‍ക്കാരിന്റെ പുതിയ നീക്കം. ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന തൊഴിലാളികളാണ് അഗ്നിവീറുകള്‍ എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞത്.

More Stories from this section

family-dental
witywide