ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ഒന്നില്‍ നിന്നും അഞ്ചിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) അറിയിച്ചു. ഇതോടൊപ്പം ഹരിയാന, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തീയതിയിലും മാറ്റമുണ്ട്. ഒക്ടോബര്‍ നാലില്‍ നിന്ന് എട്ടിലേക്കാണ് ആക്കി പുതുക്കി നിശ്ചയിച്ചത്.

വോട്ടെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് ബിഷ്ണോയ് സമുദായത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഗുരു ജാംബേശ്വറിന്റെ സ്മരണയ്ക്കായി അസോജ് അമാവാസി ഉത്സവത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്നും ബിഷ്ണോയ് സമുദായം ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ മാറ്റം.

പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ തലമുറകളായി ഗുരുവിന്റെ സ്മരണയ്ക്കായി ബിക്കാനീറിലെ വാര്‍ഷിക ഉത്സവത്തിനായി ‘അസോജ്’ മാസത്തിലെ ‘അമാവാസ്’ സമയത്ത് രാജസ്ഥാനിലെത്തും. ഈ വര്‍ഷം, ഒക്ടോബര്‍ 2 നാണ് ഉത്സവം, സിര്‍സ, ഫത്തേഹാബാദ്, ഹിസാര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ബിഷ്ണോയി കുടുംബങ്ങള്‍ വോട്ടിംഗ് ദിനത്തില്‍ രാജസ്ഥാനിലേക്ക് പോകുമെന്നും അവര്‍ക്ക് വോട്ടവകാശം നിഷേധിക്കാതിരിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

പൊതുഅവധികള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി.യും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പരാജയഭീതിയാണ് ബി.ജെ.പിയുടെ നടപടിക്കുപിന്നിലെന്നായിരുന്നു കോണ്‍ഗ്രസിന്റേയും ആംആദ്മിയുടേയും പരിഹാസം.

അതേസമയം, മുമ്പും വിവിധ സമുദായങ്ങളുടെ വികാരം മാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയിട്ടുണ്ട്. 2022 ലെ പഞ്ചാബ്, മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിയതും ഉദാഹരണം.

More Stories from this section

family-dental
witywide