ഹരിയാനയിൽ ഇന്ത്യ സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി; 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യമില്ലാതെ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തീരുമാനം. ആദ്യഘട്ട പട്ടികയിൽ 20 സ്ഥാനാർത്ഥികളെയാണ് എഎപി ഇന്ന് പ്രഖ്യാപിച്ചത്. സഖ്യ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആപ്പിന്റെ തീരുമാനം. ഹരിയാനയിൽ 90 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. മുതി‍‌ർന്ന ആംആദ്മി നേതാവ് അനുരാ​ഗ് ധാന്ധ, കല്യാട്ട് മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

“ആദ്യഘട്ട പട്ടിക പുറത്തു വിടുന്നു. രണ്ടാംഘട്ട പട്ടിക ഉടൻ പുറത്തുവിടും. തിരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ച് നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ശക്തമായിരുന്നുവെന്നതിനാൽ സഖ്യത്തിനായി ഞങ്ങൾ കാത്തു. ഞങ്ങൾ ക്ഷമ കാണിച്ചു. അതിന് ശേഷമാണ് പട്ടിക പുറത്തുവിടുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഞങ്ങൾ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നു,” ഹരിയാന ആംആദ്മി അധ്യക്ഷൻ സുഷിൽ ഗുപ്ത പറഞ്ഞു. 90 സീറ്റിലും മത്സരിക്കാനാകുമെന്ന ഉറപ്പും അദ്ദേഹം പങ്കുവച്ചു.

ഏതാനും സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കാൻ ഇരുപാർട്ടികളും തമ്മിൽ തീരുമാനമായിരുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങൾ. അഞ്ച് സീറ്റുകളിൽ ഒരുമിച്ച് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരിക്കെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുറത്തുവന്നത്. ഇതിനിടെ ഒന്നും രണ്ടും ഘട്ട സ്ഥാനാർത്ഥി പട്ടികകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.