എക്‌സിറ്റ് പോളുകള്‍ സത്യമാകുമോ?ഹരിയാന, ജമ്മു കശ്മീര്‍ വോട്ടെണ്ണല്‍ ഇന്ന്; വിനേഷ് ഫോഗട്ട് ഉള്‍പ്പെടെ വിധികാത്തിരിക്കുന്നു

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ശ്വാസമടക്കി കാത്തിരിക്കുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഫലിക്കുമോ എന്ന് ഇന്നറിയാം.
എക്സിറ്റ് പോളുകള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവും കേന്ദ്രഭരണപ്രദേശത്ത് തൂക്കുസഭയും പ്രവചിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണല്‍ നടപടികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ഹരിയാനയിലെ 22 ജില്ലകളിലെ 90 നിയമസഭാ മണ്ഡലങ്ങളിലായി 93 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ വോട്ടെണ്ണലിനായി 20 കൗണ്ടിംഗ് കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള ആദ്യ പ്രധാന മത്സരമാണ് ഹരിയാനയിലെ തിരഞ്ഞെടുപ്പ്. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇന്നത്തെ വിജയം രാഷ്ട്രീയപാര്‍ട്ടികള്‍ ഉപയോഗിക്കും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഐഎന്‍എല്‍ഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാര്‍ട്ടി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികള്‍. എന്നിരുന്നാലും, മിക്ക സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് ഹരിയാനയില്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന ഹരിയാനയിലെ 90 മണ്ഡലങ്ങളില്‍ 464 സ്വതന്ത്രരും 101 വനിതകളും ഉള്‍പ്പെടെ 1,031 സ്ഥാനാര്‍ഥികളാണ് വിധികാത്തിരിക്കുന്നത്.

മുഖ്യമന്ത്രി നയാബ് സിംഗ് സൈനി (ലദ്വ), പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ (ഗര്‍ഹി സാംപ്ല-കിലോയ്), ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാല (എല്ലെനാബാദ്), ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലന്‍), ബി ജെ പിയുടെ അനില്‍ വിജ് (അംബാല കാന്ത്), ക്യാപ്റ്റന്‍ അഭിമന്യു (നാര്‍നൗണ്ട്), ഒ പി ധങ്കര്‍ (ബാഡ്ലി), എഎപിയുടെ അനുരാഗ് ദണ്ഡ (കലയാത്), കോണ്‍ഗ്രസിന്റെ വിനേഷ് ഫോഗട്ട് (ജുലാന) ന്നിവരാണ് മത്സരരംഗത്തുള്ളവരില്‍ പ്രമുഖര്‍. കൂടാതെ, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചില വിമതരും മത്സരരംഗത്തുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ 2019 ന് ശേഷം ജമ്മുകാശ്മീരിന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ലഭിക്കുന്നതിനാല്‍ ഇന്നത്തെ വോട്ടെണ്ണല്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഇവിടെ ഇന്ത്യ സഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങള്‍ എത്തിയാല്‍ സഭയിലെ അംഗബലം 95 ആയും ഭൂരിപക്ഷം 48 ആയും മാറും. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഈ അംഗങ്ങള്‍ക്ക് മറ്റ് എംഎല്‍എമാര്‍ക്കുള്ള അതേ അധികാരവും വോട്ടവകാശവും ഉണ്ടായിരിക്കും. കോണ്‍ഗ്രസിനു പുറമെ, പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും അത്തരം നീക്കങ്ങളെ എതിര്‍ത്തു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേന്ദ്രഭരണപ്രദേശത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്-എന്‍സി സഖ്യത്തിന്റെയും ബിജെപിയുടെയും പിഡിപിയുടെയും ഉന്നത നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും 90 അംഗ സഭയില്‍ 46 എന്ന മാന്ത്രിക സംഖ്യയെ ഒറ്റയ്ക്ക് മറികടക്കുമെന്ന് അവകാശപ്പെട്ടപ്പോള്‍, ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് ആശ്രയിക്കുന്നത്.

More Stories from this section

family-dental
witywide