ഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പുകളിലെ ജനവിധി ഇന്നറിയാം. ഇരു സംസ്ഥാനങ്ങളും അടുത്ത 5 വർഷത്തേക്ക് ആര് ഭരിക്കും എന്ന് തിരുമാനിച്ച ജനഹിതം രേഖപ്പെടുത്തിയ ബാലറ്റ് പെട്ടി രാവിലെ പൊട്ടിക്കും. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങുക. ഒറ്റ ഘട്ടത്തിൽ നടന്ന വോട്ടെടുപ്പിൽ ഹരിയാനയിൽ 61 ശതമാനം പോളിംഗും, മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന കശ്മീരിൽ 63 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്.
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ജമ്മു കശ്മീരിലും ഇന്ത്യ സഖ്യം അധികാരത്തിലെന്ന് പല സർവേകൾ പ്രവചിക്കുന്നതെങ്കിലും തൂക്ക് സഭക്കുള്ള സാധ്യതയും സർവേകൾ തള്ളുന്നില്ല എന്നത് ശ്രദ്ധേയമാണ്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.
ഹരിയാനയിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടെന്നാണ് പൊതു വിലയിരുത്തൽ. പത്ത് വര്‍ഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്ന കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പി ഡി പിയെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂക്ക് അബ്ദുള്ള ക്ഷണിച്ചു കഴിഞ്ഞു. തൂക്ക് സഭക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്മാരുടെ നിലപാടും, അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലഫ്. ഗവര്‍ണ്ണറുടെ സവിശേഷാധികാരവുമൊക്കെ നിര്‍ണ്ണായക ഘടകങ്ങളാകും.