മണിക്കൂറുകൾക്കുള്ളിൽ തീരുമാനം, ഖട്ടറിന് പകരം നയാബ് സൈനി, ഹരിയാനക്ക് പുതിയ മുഖ്യമന്ത്രി

ചണ്ഡീഗഡ്: എന്‍ ഡി എയിലെ ഭിന്നതയെ തുടര്‍ന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ നയാബ് സൈനിയെ ഹരിയാനയിലെ പുതിയ മുഖ്യമന്ത്രിയായി ബി ജെ പി നിയമസഭാ കക്ഷിയോഗം തെരഞ്ഞെടുത്തു. മനോഹർ ലാല്‍ ഖട്ടർ അടക്കമുള്ള എം എൽ എമാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നിലവിൽ ഹരിയാന ബി ജെ പി അധ്യക്ഷനും കുരുക്ഷേത്ര എം പിയുമാണ് നയാബ് സിങ് സൈനി.

മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ ചേർന്ന നിയമസഭ കക്ഷിയോഗം അവസാനിച്ചു. നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കാനുള്ള ബി ജെ പിയുടെ തീരുമാനം സഖ്യകക്ഷിയായ ജെ ജെ പി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നയാബ് സിങ് സൈനി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകിട്ട് 5 മണിക്ക് നടത്താനും തീരുമാനമായതായാണ് സൂചന. സ്വതന്ത്ര എം എല്‍ എമാർക്കും വിമത ജെ ജെ പി എം എല്‍ എമാർക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും വിവരമുണ്ട്.

നിലവില്‍ ഹരിയാന ബി ജെ പി അധ്യക്ഷനായ നയാബ് സൈനി മനോഹർ ലാല്‍ ഖട്ടറിന്‍റെ അടുപ്പക്കാരനാണ്. 2014 ല്‍ നാരായണ്‍ഗഡില്‍ നിന്ന് എം എല്‍ എയായിട്ടുണ്ട്. ഇതിന് പിന്നാലെ 2016 ല്‍ ഹരിയാനയില്‍ മന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. 2019 മുതൽ കുരുക്ഷേത്രയില്‍ നിന്നുള്ള എം പിയാണ് സൈനി. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് സൈനി. ഹരിയാനയിലെ 8 ശതമാനത്തോളമാണ് സൈനി വിഭാഗക്കാരുള്ളത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മനോഹർ ലാല്‍ ഖട്ടാർ ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിച്ച് കേന്ദ്രത്തിലേക്ക് പോകാനുള്ള തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായതായാണ് വിവരം. ഖട്ടർ ക‍ർണാലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.

Haryana live news Manohar Lal Khattar resigns, Nayab Singh Saini next CM Who is Saini

More Stories from this section

family-dental
witywide