120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; വിവാദ ആൾദൈവം ‘ജിലേബി ബാബ’ ജയിലില്‍ മരിച്ചു

ചണ്ഡീഗഡ്: ‘ജലേബി ബാബ’ എന്നു വിളിക്കപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ബാബ ബില്ലു റാം, ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൻ്റെ ശിഷ്യകളായ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 14 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ഹിസാർ സെൻട്രൽ ജയിലിൽ കഴിയവെയായിരുന്നു അന്ത്യം.

പ്രമേഹരോഗിയായിരുന്ന ഇയാൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അഭിഭാഷകൻ ഗജേന്ദർ പാണ്ഡെ പറഞ്ഞു. അസുഖത്തെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ എത്തിച്ചതായി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഭൂപ് സിംഗ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.

ഫത്തേബാബാദ് ജിലിലയിലെ തോഹാന സ്വദേശിയായ ബില്ലുറാം 2023 ജനുവരിയിലാണ് ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്നത്. ഉന്തുവണ്ടിയിൽ ജിലേബി വിൽക്കലായിരുന്നു ഇയാളുടെ ആദ്യകാല ജോലി.തുടർന്നാണ് സ്വയം പ്രഖ്യാപിത ആൾദൈവമായി പ്രത്യക്ഷപ്പെടുന്നത്. ‘ജലേബി ബാബ’ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു.

സഹായം അഭ്യർഥിച്ച് തന്റെയടുക്കൽ വരുന്ന സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തുവെന്നാണ് ഇയാൾക്കെതിരെ ഉയർന്ന പരാതി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തി വിഡിയോ പരസ്യമാക്കുമെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്തതിന് പോക്‌സോ വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.

2018ലാണ് ഹരിയാന പൊലീസ് ഫത്തേഹാബാദിലെ തോഹാന ടൗണിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് 120 ഓളം ലൈംഗിക വീഡിയോ ക്ലിപ്പുകൾ കണ്ടെത്തുകയും ചെയ്തു. ഹരിയാനയിലെ അതിവേഗ കോടതിയാണ് പോക്സോ കേസിൽ 14 വർഷത്തെ തടവിന് വിധിച്ചത്. രണ്ട് ബലാത്സംഗക്കേസുകളിൽ ഏഴുവർഷവും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റത്തിന് അഞ്ചുവർഷവും തടവ് വിധിച്ചു. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

More Stories from this section

family-dental
witywide