‘രാജിവച്ചിട്ടില്ല’; വാർത്തകൾ തള്ളി ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ്

ഷിംല: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇന്നലെയുണ്ടായ കനത്ത തോൽവിയെ തുടർന്ന് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പ്രതിസന്ധിയിലാണ്. ആറ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു, പിന്തുണ വാഗ്ദാനം ചെയ്ത മൂന്ന് സ്വതന്ത്രർ ബിജെപിക്കൊപ്പം നിന്നു. ഈ പ്രതിസന്ധികൾക്കിടെയാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് രാജിവച്ചെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഈ വാർത്തകൾ തള്ളി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ രാജിവച്ചിട്ടില്ലെന്ന് സുഖ്‌വിന്ദർ സിങ് വ്യക്തമാക്കി.

“ആരും എൻ്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ആർക്കും രാജിക്കത്ത് നൽകിയിട്ടുമില്ല. ഞങ്ങൾ ഭൂരിപക്ഷം തെളിയിക്കും. ഞങ്ങൾ വിജയിക്കും…” ബജറ്റിന് മുമ്പ് പാർട്ടിയെ തകർക്കാൻ ബിജെപി അഭ്യൂഹങ്ങൾ പരത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു.

“പാർട്ടിയിൽ ഒരു വിള്ളൽ സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു. കോൺഗ്രസ് വിട്ട് ഞങ്ങളുടെ എംഎൽഎമാരെ അവരോടൊപ്പം ചേരണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ കോൺഗ്രസ് ഒറ്റക്കെട്ടാണ്…” അദ്ദേഹം പ്രഖ്യാപിച്ചു, ക്രോസ് വോട്ട് ചെയ്ത തൻ്റെ ചില എംഎൽഎമാർ ഇതിനകം തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ക്രോസ് വോട്ടിംഗിന് മുമ്പ് കോൺഗ്രസിന് 40 എംഎൽഎമാരുണ്ടായിരുന്നു. എന്നാൽ ആറുപേർ ക്രോസ് വോട്ട് ചെയ്തതോടെ എണ്ണം 34 ആയി കുറയും. ഇത് ഭൂരിപക്ഷത്തെക്കാൾ ഒരു സീറ്റ് കുറവാണ്. 25 എംഎൽഎമാർ ഉണ്ടായിരുന്ന ബിജെപിക്ക് ഇപ്പോൾ സ്വതന്ത്രർ ഉൾപ്പെടെ എംഎൽഎമാരുടെ എണ്ണം 34 ആയി വർധിച്ചു.

More Stories from this section

family-dental
witywide