ബെംഗളൂരു: പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച് ഡി കുമാരസ്വാമി രംഗത്ത്. കേസിൽ ഇപ്പോൾ നടക്കുന്നത് സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ (എസ് ഐ ടി) അന്വേഷണമാണെന്ന് വിമർശനം ഉന്നയിച്ചുകൊണ്ടാണ് കുമാരസ്വാമി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അന്വേഷണത്തിൽ ഇടപെടുകയാണ്. തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ കേസിൽ ഡി കെ ശിവകുമാറിന്റെ ഇടപെടലുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. പ്രജ്വലിന്‍റെ പിതാവും തന്‍റെ സഹോദരനുമായ എച്ച് ഡി രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി വിമർശിച്ചു.
അതിനിടെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണയെ പിടികൂടാൻ ജർമനിയിലേക്ക് തിരിക്കാൻ പൊലീസ് തയ്യാറെടുക്കുന്നതിനായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രജ്വൽ നാട്ടിൽ തിരിച്ചെത്തുന്ന സമയം പിടികൂടാനായി വിമാനത്താവളങ്ങളിൽ പൊലീസ് തമ്പടിച്ചിരിക്കുകയാണ്. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളങ്ങളിൽ തമ്പടിച്ചത്. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വൽ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ ഇതുണ്ടായില്ല. ഇതോടെയാണ് പുതിയ നീക്കം കർണാടക പോലീസ് ആരംഭിച്ചത്. പ്രജ്വൽ കീഴടങ്ങിയില്ലെങ്കിൽ ജർമനിയിലേക്ക് തിരിക്കാനാണ് പൊലീസിന്റെ ആലോചന.
അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വൽ, 2 തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.
HD Kumaraswamy demands CBI probe in Prajwal Revanna sexual assault case