‘എപ്പോഴും മദ്യപിച്ചതായി തോന്നുന്നു, മയക്കുമരുന്ന് പരിശോധന നടത്തണം’, ‘ചക്രവ്യൂഹ’ത്തിൽ രാഹുലിനെതിരെ കങ്കണയുടെ അതിക്ഷേപം, വിവാദം

ഡൽഹി: ബോളിവുഡ് നടിയും മാണ്ടിയിൽ നിന്നുള്ള ബി ജെ പി എം.പിയുമായ കങ്കണ റണൗട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അതിക്ഷേപ പരാമർശങ്ങൾ വിവാദത്തിൽ. രാഹുല്‍ പാർലമെൻ്റിൽ നടത്തിയ ചക്രവ്യൂഹ പരാമർശത്തിനുള്ള മറുപടി എന്ന നിലയിൽ കങ്കണ നടത്തിയ പ്രസ്താവനയാണ്‌ ഇപ്പോൾ വിവാദത്തിൽ ആയത്. രാഹുൽ അസംബന്ധ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആരോപിച്ച കങ്കണ അദ്ദേഹത്തെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.

‘രാഹുൽ ഗാന്ധി പാർലമെൻ്റിൽ എത്തുന്ന അവസ്ഥയും അദ്ദേഹം ഉന്നയിക്കുന്ന വാദങ്ങളും നോക്കുമ്പോൾ, അദ്ദേഹം എപ്പോഴും മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു, അദ്ദേഹം മയക്കുമരുന്ന് കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം’ എന്നാണ് കങ്കണ ആവശ്യപ്പെട്ടത്. രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള കങ്കണയുടെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ പ്രസംഗമാണ് കങ്കണയെ പ്രകോപിപ്പിച്ചത്. കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞത്.

അതേസമയം ഇതാദ്യമായല്ല കങ്കണ രാഹുലിനെതിരെ ആക്രമണം നടത്തുന്നത്. നേരത്തെ, ജൂലൈ 1 ന്, ലോക്‌സഭയിൽ അദ്ദേഹത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്നതിനിടെ, കോൺഗ്രസ് നേതാവ് ഉടൻ ചികിത്സ തേടണമെന്ന് കങ്കണ നിർദ്ദേശിച്ചിരുന്നു. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കങ്കണ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ നിരുത്തരവാദപരമാണെന്ന് വിശേഷിപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide