
ഫെബ്രുവരി നാലിന് യുഎസിൽ മോഷ്ടാക്കളാൽ ആക്രമിക്കപ്പെട്ട തന്റെ ഭർത്താവിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹത്തിനിപ്പോൾ ഫ്ളാറ്റിൽ നിന്നും പുറത്തിറങ്ങാൻ ഭയമാണെന്നും സയ്യിദ് മസഹർ അലിയുടെ ഭാര്യ സയ്യിദ ഫാത്തിമ.
“കുടുംബം അരികിലുണ്ടെങ്കിൽ അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്നും സുരക്ഷിതത്വം തോന്നുമെന്നും ഞാൻ കരുതുന്നു. ആക്രമിച്ച് കൊള്ളയടിച്ചതിന്റെ വിഡിയോ അദ്ദേഹം അയച്ചിരുന്നു. ആ വിഡിയോയിൽ ഭയവും അസ്വസ്ഥതയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ മൂന്ന് കുട്ടികൾക്കൊപ്പം ചിക്കാഗോയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു, ”ഫാത്തിമ പറഞ്ഞു.
മസഹർ അലി(35)ക്ക് മൂന്ന് മക്കളുണ്ട്. നാല് വയസ്, രണ്ടര വയസ്സ്, എട്ട് മാസം എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലേക്ക് പോയതാണ് അദ്ദേഹം. ആദ്യം സെൻട്രൽ മിഷിഗൺ സർവകലാശാലയിൽ പ്രവേശനം നേടിയെങ്കിലും ജനുവരിയിൽ ഇൻഡ്യാന വെസ്ലിയൻ സർവകലാശാലയിലേക്ക് മാറ്റത്തിന് അപേക്ഷിച്ചു. ട്രാൻസ്ഫർ പ്രക്രിയ നടക്കുന്നതിനാൽ, മിക്കവാറും വെർച്വൽ ക്ലാസുകളായിരുന്നു അറ്റൻഡ് ചെയ്തിരുന്നത്. ഈ മാസം അവസാനം ഇന്ത്യാന വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു അദ്ദേഹം. സുഹൃത്ത് സയ്യിദ് ഖാദ്രിയോടൊപ്പം ചിക്കാഗോയിലെ കാംബെൽ അവന്യൂവിൽ താമസിക്കുകയായിരുന്നു.
ഞായറാഴ്‌ച പുലർച്ചെ തൻ്റെ അപ്പാർട്ട്‌മെൻ്റിലേക്ക് നടന്നുപോകുമ്പോഴാണ് മസഹർ അലിയെ പിന്തുടർന്നു വന്ന മൂന്നുപേർ അദ്ദേഹത്തെ ആക്രമിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ചത്. പരുക്കേറ്റ് വീണ മസഹർ അലി സഹായത്തിനായി അഭ്യർത്ഥിക്കുന്ന വീഡിയോ അദ്ദേഹത്തിൻ്റെ സുഹൃത്ത് സയ്യിദ് ഖാദ്രിയാണ് പകർത്തിയത്.