വാഷിങ്ടൺ: ഇറക്കുമതിക്ക് ഇന്ത്യ കൂടുതൽ നികുതി ചുമത്തുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡോണൾഡ് ട്രംപ്.
ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യ ഉയർന്ന നികുതി ഏർപ്പെടുത്തിയത് . താൻ അധികാരത്തിലെത്തിയാൽ ഇതേ പാത തിരിച്ചും സ്വീകരിക്കുമെന്നും ഇറക്കുമതിചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഡിട്രോയിറ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
അമേരിക്കയുടെ സാമ്പത്തികപുരോഗതിയാണ് ഉദ്ദേശ്യം. കുറഞ്ഞനികുതി എന്ന മികച്ച നയത്തിന് തുടക്കമിട്ടത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് നികുതി ഈടാക്കാൻ അമേരിക്കയ്ക്ക് താത്പര്യമില്ലെന്നും പറഞ്ഞു. പക്ഷേ, ചൈന അമേരിക്കയ്ക്കുമേൽ 200 ശതമാനം നികുതി ചുമത്തുന്നു, ബ്രസീലും പിറകിലല്ല. എങ്കിലും ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.
പ്രസിഡന്റായിരുന്ന സമയത്ത് ഹാർലി ഡേവിഡ്സണുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഏതു രാജ്യത്തെ വ്യവസായമാണ് മോശമെന്നു ചോദിച്ചപ്പോൾ ഇന്ത്യയാണെന്നായിരുന്നു ട്രംപിൻ്റെ മറുപടി. ഉയർന്ന നികുതിയാണ് കാരണമെന്നും അന്ന് ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയശേഷമാണ് ട്രംപ് നികുതിയുടെ കാര്യംപറഞ്ഞ് ഇന്ത്യക്കെതിരേ നിശിതവിമർശനം നടത്തിയത്.
He will Impose high taxes for imported Indian goods says Trump