മയാമി: ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക 2024 ഫുട്ബോൾ മത്സരത്തിനിടെ ഞായറാഴ്ച നടന്ന കൂട്ടയിടിയെയും സുരക്ഷാ വീഴ്ചയെയും തുടർന്ന് കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റിനെ തിങ്കളാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജയിൽ രേഖകൾ പ്രകാരം, സംഘടനയുടെ പ്രസിഡൻ്റ് കൂടിയായ 71 കാരനായ റാമോൺ ജെസൂരൺനെ തിങ്കളാഴ്ച രാവിലെ മൂന്ന് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം മിയാമി-ഡേഡ് കൗണ്ടി ജയിലിലാണ്. ഇയാളുടെ മകൻ 43 കാരനായ ജീസസ് ജാമിൽ ജെസൂരൺനെയും ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തതായി ജയിൽ രേഖകൾ പറയുന്നു.
ടിക്കറ്റ് എടുക്കാതെ എത്തിയ ആരാധകരാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. ഇരച്ചെത്തിയ ആരാധകര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മറ്റ് ആരാധകര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്ന് സ്റ്റേഡിയം അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലും പറഞ്ഞിരുന്നു. ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലെ സൗത്ത്‌വെസ്റ്റ് ഗേറ്റ് ആരാധകര്‍ തകര്‍ത്തതോടെ പൊലീസ് ലാത്തിവീശി. ആരാധകരെ ഓടിച്ചിട്ട് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായി. പിന്നാലെ സൗത്ത്‌വെസ്റ്റ് ഗേറ്റിന് പൊലീസ് പൂട്ടിട്ടു. ഒടുവില്‍ കുറച്ച് നേരത്തേക്ക് സ്റ്റേഡിയത്തിലെ എല്ലാ ഗേറ്റുകളും അടച്ച് ലോക്ക്‌ഡൗണിന് സമാന സുരക്ഷ ഒരുക്കുകയായിരുന്നു പൊലീസ്.
കൊളംബിയയും അർജൻ്റീനയും തമ്മിലുള്ള മത്സരത്തിന് ശേഷം ഉച്ചയ്ക്ക് 12:20 ഓടെയാണ് സംഭവം നടന്നത്. മത്സരത്തിൽ കൊളംബിയ പരാജയപ്പെടുകയായിരുന്നു. യൂണിഫോം ധരിച്ച സെക്യൂരിറ്റി ഗാർഡ് ജക്കാരി ഷാ (24) ആൾക്കൂട്ടത്തോട് കാത്തുനിൽക്കാനും ടണലിലേക്ക് പ്രവേശിക്കരുതെന്നും കൂടി നിന്നവരോട് പറയുകയായിരുന്നു. ഇതാണ് പ്രസിഡന്റിനെയും മകനെയും ചൊടിപ്പിച്ചത്. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നയിക്കുകയായിരുന്നു.