മലപ്പുറം: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിന്‍റെ ഭാഗമായുള്ള ക്വാറന്‍റൈൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്‍റൈൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പൊലീസ് ആണ് നഴ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മലപ്പുറത്ത് നിപ നിയന്ത്രണത്തിൽ ഇളവ് വരുത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ആനക്കയം പഞ്ചായത്തിൽ കടകളുടെ പ്രവൃത്തി സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാക്കിയിട്ടുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയുള്ള സമയം തുടരും. രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളിൽ രാത്രി 10 വരെ ഭക്ഷണം ഹോം ഡെലിവറിക്ക് അനുമതി നൽകിയതായും അറിയിപ്പുണ്ട്.