കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകം, സമാധാനം പുനഃസ്ഥാപിക്കണമെന്ന് പുടിനോട് മോദി

മോസ്കോ: നിരപരാധികളായ കുട്ടികൾ കൊല്ലപ്പെടുമ്പോൾ ജനങ്ങളുടെ ഹൃദയം തകരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറിയിച്ചു. റഷ്യയുടെ ആക്രമണത്തിൽ കീവിലെ കുട്ടികളുടെ ആശുപത്രി തകർന്നതിന് തൊട്ടടുത്ത ദിവസമാണ് മോദി പുടിനോട് ഇക്കാര്യം പറഞ്ഞത്.

തൻ്റെ റഷ്യ സന്ദർശനത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസമായ ചൊവ്വാഴ്ച, പ്രധാനമന്ത്രി പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2022ൽ റഷ്യ യുക്രൈൻ അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച്ച.

യുദ്ധമായാലും ഭീകരാക്രമണമായാലും മനുഷ്യ ജീവൻ കുരുതികൊടുക്കുന്നത് മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേദനാജനകമാണ്. എന്നാൽ, കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണ്. ആ വേദന വളരെ വലുതാണെന്നും ഇതിനെക്കുറിച്ച് പുടിനുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

തിങ്കളാഴ്ച ഇരു നേതാക്കളും യുക്രെയ്‌നിനെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് മോദി പുടിനെ അറിയിച്ചു. സമാധാനത്തിന് അനുകൂലമായാണ് രാജ്യം നിലകൊള്ളുന്നതെന്ന് ലോകസമൂഹത്തിന് ഉറപ്പുനൽകുന്നു. സമാധാന ചർച്ചകളെക്കുറിച്ച് പുതിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതായും മോദി കൂട്ടിച്ചേർത്തു.

യുദ്ധത്തെക്കുറിച്ച് തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മോദി പുടിനോട് പറഞ്ഞു. സമാധാനമാണ് പ്രധാനമെന്ന് ഒരു സുഹൃത്തെന്ന നിലയിൽ പുടിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, യുദ്ധക്കളത്തിൽ പരിഹാരങ്ങൾ സാധ്യമല്ലെന്ന് താൻ മനസ്സിലാക്കുന്നു. ബോംബുകൾക്കും തോക്കുകൾക്കുമിടയിൽ സമാധാന ചർച്ചകൾ വിജയിക്കില്ല. ചർച്ചകളിലൂടെ മാത്രമേ സമാധാനത്തിലേക്ക് എത്തിച്ചേരാനാകൂവെന്നും മോദി പറഞ്ഞു.

More Stories from this section

family-dental
witywide