ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, വിദര്‍ഭ, വടക്കന്‍ കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ, തെലങ്കാന എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള ജനപങ്കാളിത്തം കൂടുതലുള്ള സമ്മേളനങ്ങളും മറ്റും നടക്കുന്ന സാഹചര്യത്തില്‍ ഉഷ്ണ തരംഗങ്ങളുടെ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം നിര്‍ദേശിച്ചു. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത ശേഷം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി.
അതേസമയം, ഈ വര്‍ഷം രാജ്യത്തെ ഏറ്റവും കൂടിയ താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഐഎംഡി അടുത്തിടെ പ്രവചിച്ചിരുന്നു.
എന്നാല്‍ ഉഷ്ണ തരംഗം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കില്ല എന്നുമാത്രമല്ല, ഏപ്രില്‍ 9 വരെ കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
തമിഴ്നാട്, പുതുച്ചേരി, കേരളം, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.