ഉഷ്ണ തരംഗം കഠിനമാകും: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് റെഡ് അലേര്‍ട്ട്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ പല ഭാഗങ്ങളെയും ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം പിടിമുറുക്കുന്നു. ചൂട് ഉയരുന്നതനുസരിച്ച് രാജ്യത്തെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട്. കൂടാതെ, ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളില്‍ ‘ഓറഞ്ച്’ അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ് 6 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍- 46.2 ഡിഗ്രി സെല്‍ഷ്യസ്, തെലങ്കാനയിലെ പലവഞ്ച- 45.2 ഡിഗ്രി സെല്‍ഷ്യസ്, ഒഡീഷയിലെ ബൊലാങ്കിര്‍ – 45 ഡിഗ്രി സെല്‍ഷ്യസ്, തീരദേശ ആന്ധ്രാപ്രദേശ് – 44.8 ഡിഗ്രി സെല്‍ഷ്യസ്, തമിഴ്‌നാട്ടിലെ കരൂര്‍ പരമത്തി – 44.3 ഡിഗ്രി സെല്‍ഷ്യസ്, പശ്ചിമ ബംഗാളിലെ കലൈകുണ്ഡ, ഗംഗാനദി – 44.2 ഡിഗ്രി സെല്‍ഷ്യസ്, ബീഹാറിലെ ഷെയ്ഖ്പുര – 41.1 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.

പശ്ചിമ ബംഗാളിലെ ഗംഗാതീരത്തിന്റെ പല ഇടങ്ങളിലും ബീഹാറിന്റെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളിയാഴ്ച മുതല്‍ കഠിനമായ ഉഷ്ണ തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. സബ് ഹിമാലയന്‍ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, സൗരാഷ്ട്ര, കച്ച്, ഗുജറാത്ത് മേഖല, തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍, കര്‍ണാടകത്തിന്റെ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide