തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.