
ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിലെ ഷെര്‍മാന്‍ ഓക്സില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ മണ്ണിടിച്ചില്‍ പ്രദേശത്തെ ആഡംബര വീടുകള്‍ക്ക് കനത്ത നാശനഷ്ടം. ഇതോടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ലോസ് ഏഞ്ചല്‍സില്‍ നിന്നും ഏകദേശം 19 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ആഡംബര വീടുകള്‍ സ്ഥിതിചെയ്യുന്ന ഷെര്‍മാന്‍ ഓക്സില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് മാരകമായ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ ചില വീടുകള്‍ പൂര്‍ണമായും തറപറ്റുകയും ചിലതിന് ഭാഗീകമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന വീടുകള്‍ തകര്‍ന്നുവീഴുകയും, ചില വീടുകളുടെ പൂളും ടെന്നിസ് കോര്‍ട്ടും ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ തകരുകയും സ്ഥാനം മാറിപോകുകയും ചെയ്തിട്ടുണ്ട്.
അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗോള്‍ഡ് കോസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വീടുകള്‍ക്ക് പ്രശസ്തമാണ്.
അപകടസാധ്യത കണക്കിലെടുത്ത് നിരവധി ആളുകളെ ഒഴിപ്പിച്ചതായി ലോസ് ഏഞ്ചല്‍സ് അഗ്‌നിശമനസേന പ്രസ്താവനയില്‍ പറഞ്ഞു.
മണ്ണിടിച്ചിലിന്റെ കാരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ദക്ഷിണ കാലിഫോര്‍ണിയയില്‍ ശൈത്യകാല കൊടുങ്കാറ്റുകള്‍ കാരണം നിരവധി മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇവിടെയും അപകടമുണ്ടായിരിക്കുന്നത്. പ്രദേശത്ത് ജനുവരി ഒന്നുമുതല്‍ ഏകദേശം 41 സെന്റീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ഇത് വര്‍ഷത്തില്‍ ഈ സമയത്ത് സാധാരണയായി ലഭിക്കുന്നതിന്റെ ഇരട്ടിയാണിത്. ഫെബ്രുവരി ആദ്യത്തോടെ, സമീപ പ്രദേശങ്ങളില്‍ 600 ത്തോളം മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അധികൃതര്‍ 16 കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമല്ലെന്ന് കാട്ടി വിലക്കുകയും, 30 ലധികം കെട്ടിടങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.