ന്യൂഡല്‍ഹി: ഇന്നലെ പെയ്ത കനത്ത മഴയില്‍ ഡല്‍ഹി നിശ്ചലമായി. തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മഴക്കെടുതിയെത്തുടര്‍ന്ന് വിവിധ അപകടങ്ങളിലായി ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായതായി വിവരമുണ്ട്. വെള്ളക്കെട്ടില്‍ വീണും വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റും ഉള്‍പ്പെടെയാണ് മരണങ്ങള്‍.
വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഓഗസ്റ്റ് ഒന്നിന് അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി ബുധനാഴ്ച രാത്രിയോടെ പ്രഖ്യാപിച്ചു. .
നോയിഡയില്‍ രാത്രി പെയ്ത കനത്ത മഴയില്‍ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി. മോശം കാലാവസ്ഥ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങളും ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ലൈനുകള്‍ മുന്നറിയിപ്പ് നല്‍കി.
ദേശീയ തലസ്ഥാനത്ത്, കനത്ത മഴ കാരണം മെഹ്റോലി-ഛത്തര്‍പൂര്‍ റോഡിലെ യാത്രക്കാര്‍ ഒന്നര മണിക്കൂറിലധികം റോഡില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രമല്ല, ഡല്‍ഹി-നോയിഡ എക്സ്പ്രസ് വേയിലും വന്‍ ഗതാഗതക്കുരുക്കുണ്ടെന്ന് യാത്രക്കാര്‍ വ്യക്തമാക്കി.