തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നതിനാല്‍ അതീവ ജാഗ്രത തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്.
അതേസമയം, മഴ ശക്തമാകുമെന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ. രാജന്‍ നിര്‍ദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയില്‍ മുന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഇടവിട്ട് മഴ തുടരുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാത്രമല്ല, രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കി ആനച്ചാല്‍ വഴി പോകാനും പ്രത്യേക നിര്‍ദേശമുണ്ട്.
കല്ലാര്‍ കുട്ടി, പാംബ്ല, മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാര്‍, മുതിരപ്പുഴയാര്‍ എന്നിവയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്.