ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മയാമി, ഫോർട്ട് ലോഡർഡേൽ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് സംസ്ഥാന ഗവർണർറോൺ ഡിസാൻ്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ബ്രോവാർഡ്, മയാമി-ഡേഡ്, കോളിയർ, ഹെൻഡ്രി കൗണ്ടികളിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രദേശവാസികൾ സാധ്യമെങ്കിൽ വീടിനകത്തു തുടരണമെന്നും റോഡിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മയാമിയിൽ, പലയിടങ്ങളിലും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് മയാമി പ്രദേശം വെള്ളപ്പൊക്ക പ്രശ്നങ്ങൾ നേരിടുന്നത്. ചൊവ്വാഴ്ച 2 മുതൽ 5 ഇഞ്ച് വരെ മഴ പെയ്യുകയും തെരുവുകൾ വെള്ളത്തിലാവുകയും ചെയ്തു.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് ബ്രോവാർഡ്, കോളിയർ, ലീ, മിയാമി-ഡേഡ്, സരസോട്ട കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, കനത്ത മഴയും വെള്ളപ്പൊക്കവും പ്രധാന അന്തർസംസ്ഥാനങ്ങൾ, റോഡ്‌വേകൾ, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു.
ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഫ്ളോറിഡയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.