മസ്‍കത്ത്: ന്യൂനമർദത്തിന്‍റെ സ്വാധീനത്തെ തുടർന്ന് ഒമാനിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേർ മരിച്ചതായി റിപ്പോർട്ട്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്.
കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മഴ കനത്തത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏർലി വാണിങ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാർഡ്സ് അറിയിച്ചു.
പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുന്നുണ്ട്. രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഇബ്ര വിലായത്തിൽ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂൾ ബസ് വാദിയിൽ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തിൽ നിസ്‍വ വിലായത്തിൽ 21 വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ ബസിനുള്ളിൽ അകപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പുകളിൽ പറയുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
heavy rain continues in Oman, 12 died